bird bird

ക്രിസ്തുവിന്റെ ഉയിർപ്പ് ചരിത്ര സംഭവമോ? - ഭാഗം രണ്ട്: വിശദീകരണം

നസറായനായ യേശു മരിച്ചു തന്റെ ശരീരം ഒരു കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു എന്നത് ചരിത്രമാണ്. അതുപോലെ തന്നെ ഉറപ്പിക്കപ്പെട്ട വസ്തുതയാണ് തന്റെ മരണത്തിനും അടക്കത്തിനും ശേഷം യേശുവിന്റെ കല്ലറ ശൂന്യമായി കണ്ടെത്തി എന്നുള്ളത്‌. വിവിധ വ്യക്തികളും സമൂഹങ്ങളും യേശുവിനെ ഉയിർത്തെഴുന്നേറ്റവനായി കാണുകയുണ്ടായി. യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് തന്റെ ശിഷ്യന്മാർക്ക് പൂർണ ബോധ്യം ഉണ്ടായി. ഇവയാണ് ചരിത്രപരമായ വസ്തുതകൾ. ഇതിനു നാം എന്ത് വിശദീകരണം നൽകും.

ചരിത്രത്തിലുടനീളം പലരും പല സ്വാഭാവിക വിശദീകരണങ്ങൾ നൽകുവാൻ ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള നാല് സിദ്ധാന്തങ്ങൾ നമുക്ക് പരിശോധിക്കാം.

ഒന്നാമത് conspiracy theory അഥവാ ഗൂഢാലോചനാ സിദ്ധാന്തം. ഈ വീക്ഷണം അനുസരിച്ചു പുനരുത്ഥാനം ശിഷ്യന്മാരുടെ തട്ടിപ്പ് ആയിരുന്നു. അവർ യേശുവിന്റെ ശരീരം കല്ലറയിൽനിന്ന് മോഷ്ടിച്ച ശേഷം അവനെ ജീവനോടെ കണ്ടു എന്ന് കളവു പറഞ്ഞു ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തി. എന്നാൽ ഈ സിദ്ധാന്തം കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. ഇത് വളരെ അകാലികമാണ് ഒരു വീക്ഷണം ആണ്. ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദന്റെ വീക്ഷണത്തിൽ നിന്നല്ല മറിച് ക്രൈസ്തവ ചരിത്രത്തിന്റെ റിയർവ്യൂ മിററിലൂടെ പിന്നില്ലേക്ക് നോക്കി വിശദീകരിക്കാനുള്ള ശ്രമത്തിന്റെ ഫലമാണിത്. ഇസ്രയേലിന്റെ ശത്രുക്കളാൽ തോല്പിക്കപെട്ടു വധിക്കപെടുന്ന ഒരു മിശിഹയെ കുറിച്ച് ഒരു സങ്കല്പമേ യഹൂദനില്ലായിരുന്നു. ഒരു ഉയർത്തെഴുനേൽപ്പിനെ കുറിച്ചും അവർ ചിന്തിച്ചിരുന്നില്ല. യഹൂദ ചിന്തയിൽ, മരിച്ചവരുടെ പുനരുത്ഥാനം ലോകാന്ത്യത്തിനു ശേഷം നടക്കുന്ന ഒരു പൊതുവായ സംഭവം ആയിരുന്നു. അതിനു മിശിഹായുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ വ്യക്തമായ ആത്മാർത്ഥതക്ക് വിശദീകരണം നൽകുന്നതിലും ഗൂഢാലോചനാ സിദ്ധാന്തം പരാജയപെടുന്നു. വാസ്തവമല്ല എന്നറിയാവുന്ന കാര്യങ്ങളുടെ പേരിൽ ആരും മരിക്കാൻ തയ്യാറാവില്ല. പുതിയനിയമ പുസ്തകങ്ങൾ ഒന്ന് മനസോടെ വായിച്ചാൽ യേശുവിന്റെ ശിഷ്യന്മാർ തങ്ങൾ പ്രസംഗിച്ച സന്ദേശം അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നുവെന്നും അതിനു വേണ്ടി മരിക്കാൻ വരെ ഒരുക്കമായിരുന്നു എന്നും വ്യക്തമാകും. ഈ കാരണങ്ങളാൽ ഒരു പണ്ഡിതനനും ഇന്ന് ഗൂഢാലോചനാ സിദ്ധാന്തത്തെ പിന്തുണക്കുന്നില്ല.

ചരിത്ര വസ്തുതകൾക്ക് വിശദീകരണം നൽകാൻ ഉള്ള മറ്റൊരു ശ്രമമാണ് apparent death theory അഥവാ യേശു യഥാർത്ഥത്തിൽ മരിച്ചില്ല എന്ന സിദ്ധാന്തം. ഈ സിദ്ധാന്തപ്രകാരം യേശുവിനു യഥാർത്ഥത്തിൽ മരണം സംഭവിച്ചില്ല പകരം കല്ലറയിൽ വെച്ച് എങ്ങനെയോ സുഖം പ്രാപിച്ചു അവിടുന്ന് രക്ഷപെട്ട് താൻ ഉയിർത്തെഴുന്നേറ്റതാണ് എന്ന് ശിഷ്യന്മാരെ എങ്ങനെയോ വിശ്വസിപ്പിച്ചു. എന്നാൽ ഈ സിദ്ധാന്തവും മറികടക്കാനാകാത്ത തടസങ്ങൾ സൃഷ്ടിക്കുന്നു. ഒന്നാമത്,  വൈദ്യശാസ്ത്രപരമായി ഇത് സാധ്യമല്ല. റോമൻ ആരാച്ചാർമാർ അവരുടെ ജോലിയിൽ വളരെ വൈദഗ്ദ്യം ഉള്ളവരായിരുന്നു. അവർ ചെയുന്നത് എന്തെന്ന് അവർക്കറിയാമായിരുന്നു. വധശിക്ഷക്ക് വിധിക്കപെട്ടയാളെ താഴെ ഇറക്കുന്നതിനു മുൻപ് അയാളുടെ മരണം അവർ ഉറപ്പാക്കിയിരുന്നു. മാത്രമല്ല, യേശുവിനെ വളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നതിനാൽ ജീവനോടെ താഴെ ഇറക്കിയിരുന്നെങ്കിൽ പോലും അടച്ചു മുദ്രവെക്കപ്പെട്ട ആ കല്ലറയിൽ നിന്നു ഒരുവിധത്തിലും രക്ഷപെടാൻ കഴിയുമായിരുന്നില്ല. രണ്ടാമത്, ഈ സിദ്ധാന്തം തീർത്തും അസംഭവ്യമാണ്. പകുതി മരിച്ച കല്ലറയിൽ നിന്ന് എങ്ങനെയോ ഇഴഞ്ഞു രക്ഷപെട്ട ജീവിക്കാൻ വൈദ്യസഹായവും ശരീരം മുഴുവൻ ബാൻഡേജും ആവശ്യമുള്ള യേശുവിനെ കണ്ടിട്ട് തന്റെ ശിഷ്യന്മാർ ഒരിക്കലും യേശു മഹത്ത്വപൂർണനായി ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ പുതിയ നിയമ ചരിത്രകാരന്മാർ ആരും ഇന്ന് ഈ സിദ്ധാന്തത്തെ പിന്തുണക്കുന്നില്ല.

മൂന്നാമത് ഒരു വിശദീകരണമാണ് displaced body theory അഥവാ സ്ഥാനഭ്രംശ സിദ്ധാന്തം. ഒരുപക്ഷെ അരിമത്യക്കാരനായ  യോസേഫ് സൗകര്യാർത്ഥം യേശുവിന്റെ ശരീരം തന്റെ സ്വന്തം കല്ലറയിൽ വെച്ചിരിക്കാം പക്ഷെ പിന്നീട് അത് കുറ്റവാളികൾക്ക് വേണ്ടിയുള്ള പൊതുശ്‌മശാനത്തിലേക്ക് മാറ്റിയിരിക്കാം. അങ്ങനെ ശിഷ്യൻമാർ ആദ്യത്തെ കല്ലറ സന്ദർശിച്ചപ്പോൾ അത് ശൂന്യമായി കണ്ട് യേശു ഉയിർത്തെഴുന്നേറ്റു എന്ന നിഗമനത്തിൽ എത്തിയതാവാം. എന്നാൽ ചരിത്ര വസ്തുതകൾക്ക് മതിയായ വിശദീകരണം നൽകാൻ ഈ സിദ്ധാന്തത്തിനും കഴിയുന്നില്ല. ഒരിക്കൽ അടക്കിയാൽ കുടുംബ കല്ലറയിലേക്ക് അല്ലാതെ ശവശരീരം മാറ്റുന്നത് യഹൂദ നിയമം വിലക്കിയിരുന്നു. മാത്രമല്ല, കുറ്റവാളികൾക്കുള്ള ശ്‌മശാനം വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തിന് അടുത്താണ് സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ട് അവിടെ അടക്കുന്നതിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അതുപോലെ ശിഷ്യന്മാർ യേശുവിന്റെ പുനരുത്ഥാനം പ്രഘോഷിച്ചു തുടങ്ങിയപ്പോൾ യോസേഫിനു മുന്നോട്ട് വന്നു അവരുടെ തെറ്റ് തിരുത്താമായിരുന്നു. ആയതിനാൽ നിലവിൽ പണ്ഡിതന്മാർ ആരും ഈ സിദ്ധാന്തം അംഗീകരിക്കുന്നില്ല.

അവസാനമായി ഹാലൂസിനേഷൻ തിയറി അഥവാ ഭ്രമാത്മക സിദ്ധാന്തം. ശിഷ്യന്മാർ യഥാർത്ഥത്തിൽ യേശുവിനെ കണ്ടില്ല മറിച്ച് അവൻ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു എന്നത് അവരുടെ സങ്കല്പം മാത്രമായിരുന്നു. അവർക്ക് ഇല്ലാത്ത അനുഭവം ഉള്ളതായി തോന്നിയതാണ് അഥവാ അവർ hallucinate ചെയ്യുകയായിരുന്നു. ഈ സിദ്ധാന്തവും ഗണ്യമായ പ്രശ്നങ്ങൾ നേരിടുന്നു. ഒന്നാമത് യേശു ഒരു തവണ മാത്രമല്ല പല തവണ പ്രത്യക്ഷപെട്ടു; ഒരിടത്തു മാത്രമല്ല വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ടു; ഒരു വ്യക്തിക്ക് മാത്രമല്ല പല വ്യക്തികൾക്ക് പ്രത്യക്ഷനായി; വ്യക്തിഗതമായി മാത്രമല്ല വ്യക്തിസമൂഹങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; തന്നിൽ വിശ്വസിച്ചിരുന്നവർക്ക് മാത്രമല്ല അവിശ്വാസികൾക്കും പ്രത്യക്ഷനായി. പുനരുത്ഥാന പ്രത്യക്ഷതകളുമായി താരതമ്യം ചെയ്യാവുന്ന ഒന്നും ഭ്രമാത്മകതയെ കുറിച്ചുള്ള മനഃശാസ്ത്ര പുസ്തകങ്ങളിൽ ഇല്ല. രണ്ടാമത്, യേശുവിനെ കണ്ടതായുള്ള തോന്നലുകൾ അവരുടെ യഹൂദ വിശ്വാസങ്ങൾക്ക് വിരുദ്ധമായി യേശു ഉയർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്നത്തിന് പകരം യേശുവിനെ ദൈവം സ്വർഗത്തിലേക്ക് കൊണ്ടുപോയി എന്ന നിഗമനത്തിൽ എത്താനേ ഇടയാക്കുമായിരുന്നുള്ളു. മാത്രമല്ല, പുരാതന ലോകത്ത് മരണപെട്ടയാളുടെ ദർശനങ്ങൾ ആ വ്യക്തി ജീവിച്ചിരിപ്പുണ്ടെന്നത്തിന്റെ തെളിവല്ല മറിച്ച് അദ്ദേഹം മരിച്ചുവെന്നും മരണാന്തര ലോകത്തേക്ക് നീങ്ങി എന്നുമുള്ളതിന്റെ തെളിവായിരുന്നു. ഒടുവിലായി ഈ സിദ്ധാന്തം കല്ലറ ശൂന്യമായത് വിശദീകരിക്കാൻ ശ്രമിക്കുന്നേയില്ല.

അങ്ങനെ ചരിത്ര വസ്തുതകൾ വിശദീകരിക്കുന്നതിൽ ഏറ്റവും പ്രചാരമുള്ള നാല് സ്വാഭാവിക സിദ്ധാന്തങ്ങൾ പരാജയപ്പെടുന്നു. അത് നമ്മെ എവിടെയാണ് കൊണ്ടുചെന്ന് എത്തിക്കുന്നത്. മറ്റൊരു സാധ്യത യഥാർത്ഥ ദൃസാക്ഷികൾ നൽകുന്ന വിശദീകരണം ആണ്, ദൈവം യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. ഇത് മറ്റു സിദ്ധാന്തങ്ങളിൽ നിന്ന് വ്യത്യസ്തമായി കല്ലറ ശൂന്യമായത്, യേശുവിന്റെ ജീവനോടെയുള്ള പ്രത്യക്ഷതകൾ, ശിഷ്യന്മാർ അവരുടെ വിശ്വാസത്തിനു വേണ്ടി മരിക്കാൻ വരെ സന്നദ്ധരായത് ഇവയ്ക്കെല്ലാം മതിയായ വിശദീകരണം നൽകുന്നു. എന്നാൽ ഇത് വിശ്വസനീയമാണോ? കാരണം ഇതൊരു അത്ഭുതമാണ്, ദൈവത്തിന്റെ അമാനുഷിക പ്രവൃത്തി. എന്നാൽ ചിന്തിക്കുക, ദൈവം ഉണ്ട് എന്നുള്ളത് സാധ്യമാണെങ്കിൽ അത്ഭുതങ്ങളും സാധ്യമാണ് അങ്ങനെയെങ്കിൽ ഈ വിശദീകരണം തള്ളിക്കളയാൻ ആകില്ല. ദൈവം ഉണ്ട് എന്നതിന് തീർച്ചയായും സാധ്യത ഉണ്ട്, അങ്ങനെയെങ്കിൽ നിങ്ങൾ പുനരുത്ഥാനത്തെ എങ്ങനെ വിശദീകരിക്കും.