bird bird

ലൈബ്നിസിന്റെ കണ്ടിൻജൻസി വാദം

ലൈബ്നിസിന്റെ കണ്ടിൻജൻസി വാദം 

അതിശയകരമായ ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നത്. എന്തുകൊണ്ടാണ്  ഈ പ്രപഞ്ചം ഇവിടെ ഉള്ളത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  എന്തുകൊണ്ടാണ് എന്തെങ്കിലും ഉള്ളത് ?

ഗോട്ട്ഫ്രഡ് ലെബ്നിസ് ഇങ്ങനെ എഴുതി, "ശരിക്കും  ചോദിക്കേണ്ട ആദ്യത്തെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഒന്നുമില്ലായിമയ്ക്കു പകരം എന്തെങ്കിലും ഉള്ളത് ?

അതിനു വിശദീകരണം ദൈവത്തിൽ കാണാമെന്ന നിഗമനത്തിൽ അദ്ദേഹം എത്തി ചേർന്നു. എന്നാൽ ഇത് ന്യായികരിക്കാവുന്നതാണോ?

അസ്തിത്വമുള്ള എല്ലാത്തിനും അതിന്റെ അസ്തിത്വത്തിനു ഒരു വിശദീകരണമുണ്ട്.

പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു ഒരു വിശദീകരണമുണ്ടെങ്കിൽ, ആ വിശദീകരണം ദൈവമാണ് 

പ്രപഞ്ചം ഉണ്ട്.

ഇവയിൽ നിന്ന് പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു  വിശദീകരണം ദൈവമാണെന്ന നിഗമനത്തിൽ യുക്തിപരമായി എത്തിച്ചേരാം.

ഈ വാദത്തിന്റെ യുക്തി എയർടൈറ്റ് ആണ്. മൂന്ന് പ്രസ്താവനകളും  ശരിയാണെങ്കിൽ, നിഗമനം ഒഴിവാക്കാനാവില്ല.

എന്നാൽ അവ തെറ്റാകാവുന്നതിനേക്കാൾ ശരി ആകാനുള്ള സാധ്യത ആണോ കൂടുതൽ?

മൂന്നാമത്തെ പ്രസ്താവന  സത്യം അന്വേഷിക്കുന്ന ആർക്കും നിഷേധിക്കാനാവില്ല.

എന്നാൽ ആദ്യത്തെ പ്രസ്താവനയോ? എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുകൂടാ: "പ്രപഞ്ചം ഇവിടെയുണ്ട്, അത്രമാത്രം. പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു വിശദീകരണമൊന്നും ആവശ്യമില്ല! ചർച്ച അവസാനിച്ചിരിക്കുന്നു!”

കാട്ടിൽകൂടെ സഞ്ചരിക്കുന്ന നിങ്ങളും ഒരു സുഹൃത്തും ഒരു തിളങ്ങുന്ന ഗോളം നിലത്തു കിടക്കുന്നത് കണ്ടു എന്ന് സങ്കല്പിക്കുക.

അത് എങ്ങനെയാണ് അവിടെയെത്തിയതെന്ന് നിങ്ങൾ സ്വാഭാവികമായും അത്ഭുതപ്പെടും. നിങ്ങളുടെ സുഹൃത്ത് "ഇതിന് കാരണമോ വിശദീകരണമോ ഇല്ല. ആശ്ചര്യപ്പെടാതിരിക്കുക. ഇത് ഇവിടെയുണ്ട്, അത്രമാത്രം" എന്ന് പറഞ്ഞാൽ അത് വിചിത്രമാണെന്ന് നിങ്ങൾ കരുതും. ഗോളം വലുതായിരുന്നെങ്കിൽ  അപ്പോഴും അതിനൊരു വിശദീകരണം ആവിശ്യം ആണ്.

വാസ്തവത്തിൽ, ഗോളത്തിനു  പ്രപഞ്ചത്തിന്റെ വലുപ്പമായിരുന്നെങ്കിൽ, അതിന്റെ വലുപ്പത്തിലുള്ള വ്യത്യാസം ഒരു വിശദീകരണത്തിന്റെ ആവശ്യകതയെ നീക്കംചെയ്യുന്നില്ല.

തീർച്ചയായും, പ്രപഞ്ചത്തിന്റെ അസ്തിത്വത്തെകുറിച്ചുള്ള  ജിജ്ഞാസ ശാസ്ത്രീയവും അവബോധജന്യവുമാണ്!

"അസ്തിത്വമുള്ള  എല്ലാത്തിനും ഒരു വിശദീകരണം ആവശ്യമുണ്ടെങ്കിൽ, ദൈവത്തിന്റെ കാര്യമോ? ദൈവത്തിന് ഒരു വിശദീകരണം ആവശ്യമില്ലേ?”: ആരെങ്കിലും ഇങ്ങനെ ചോദിച്ചേക്കാം:

ദൈവത്തിന് വിശദീകരണം ആവശ്യമില്ലെങ്കിൽ, എന്തുകൊണ്ടാണ്  പ്രപഞ്ചത്തിന് വിശദീകരണം ആവശ്യമായിരിക്കുന്നത്?

ഈ പ്രശ്നം സംബോധന ചെയ്യുന്നതിന്, നിര്‍ബന്ധമായി നിലനിൽക്കുന്ന വസ്തുക്കളും മറ്റൊന്നിനെ ആശ്രയിച്ചു  നിലനിൽക്കുന്ന വസ്തുക്കളും  തമ്മിൽ ലെഇബ്നിസ്  ഒരു പ്രധാന വ്യത്യാസം വ്യക്തമാക്കുന്നു.

നിര്‍ബന്ധമായി അസ്തിത്വമുള്ള  വസ്തുക്കൾ നിലനിൽക്കുന്നത് അവയുടെ സ്വന്തം സ്വഭാവം നിലനിൽപ്പ് അനിവാര്യമാക്കുന്നതിനാലാണ്. അവക്കു അസ്തിത്വമില്ലാതെ ഇരിക്കുവാൻ കഴിയുകയില്ല !

സംഖ്യകളും സെറ്റുകളും പോലുള്ള അമൂർത്ത വസ്തുക്കൾ ഇതുപോലെയാണെന്ന് പല ഗണിതശാസ്ത്രജ്ഞരും കരുതുന്നു.

അവ നിലനിൽക്കുന്നത് മറ്റെന്തെങ്കിലും കാരണത്താലല്ല; അവയുടെ സ്വഭാവത്തിന്റെ പ്രത്യേകതകൊണ്ട് അവയുടെ അസ്തിത്വം അനിവാര്യമാണ്.

എന്നാൽ നിർബന്ധമായും നിലനിൽക്കാൻ ആവശ്യമില്ലാത്തവയുടെ അസ്തിത്വത്തിനു മറ്റെന്തെങ്കിലും കാരണമാകുന്നു.

നമ്മുക്ക് പരിചിതമായ മിക്ക കാര്യങ്ങളും മറ്റെന്തിനെയെങ്കിലും ആശ്രയിച്ചു നിലനിൽക്കുന്നവയാണ്. അവയുടെ അസ്തിത്വം അനിവാര്യമല്ല.

അവ നിലനിൽക്കുന്നത് അവയുടെ അസ്തിത്വത്തിനു മറ്റെന്തെങ്കിലും കാരണമായതുകൊണ്ടാണ്.

നിങ്ങളുടെ മാതാപിതാക്കൾ കണ്ടുമുട്ടിയില്ലായിരുന്നു എങ്കിൽ നിങ്ങൾക്ക് അസ്ത്വിത്വം ഉണ്ടാകുമായിരുന്നില്ല!

നമുക്ക് ചുറ്റുമുള്ള ലോകം നിലനിൽക്കേണ്ടത് അനിവാര്യമായിരുന്നു എന്ന് ചിന്തിക്കാൻ ഒരു കാരണവുമില്ല.

പ്രപഞ്ചം വ്യത്യസ്തമായി വികസിച്ചിരുന്നുവെങ്കിൽ നക്ഷത്രങ്ങളോ ഗ്രഹങ്ങളോ ഉണ്ടാകുമായിരുന്നില്ല.

ഈ മുഴുവൻ പ്രപഞ്ചവും അസ്ത്വിത്വത്തിലേക്ക് വരില്ലായിരുന്നു എന്നത് യുക്തിപരമായി സാധ്യമാണ്.

അതിന്റെ അസ്തിത്വം അനിവാര്യമല്ലെങ്കിൽ, അതിന്റെ നിലനിൽപ്പ് മറ്റെന്തിനെയെങ്കിലും ആശ്രയിച്ചിരിക്കുന്നു. പ്രപഞ്ചം ഇല്ലായിരുന്നേക്കാമെങ്കിൽ, എന്തുകൊണ്ടാണ് അത് ഉള്ളത്?

അനിവാര്യമല്ലാത്ത ഒരു പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു  മതിയായ ഏക വിശദീകരണം, അതിന്റെ അസ്തിത്വം, അനിവാര്യമായ മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് - സ്വന്തം സ്വഭാവം അസ്തിത്വം അനിവാര്യമാക്കുന്നതിനാൽ ഇല്ലാതിരിക്കാൻ കഴിയാത്ത ഒന്നിനെ.

എന്തൊക്കെ ആയാലും അതിനു അസ്തിത്വമില്ലാതിരിപ്പാൻ കഴിയില്ല.!

അങ്ങനെ "അസ്തിത്വമുള്ള എല്ലാത്തിനും അതിന്റെ അസ്തിത്വത്തിനു ഒരു വിശദീകരണം ആവശ്യമാണ്" ... "ഒന്നുകിൽ സ്വന്തം സ്വഭാവം അനിവാര്യമാക്കുന്നതിനാൽ അല്ലെങ്കിൽ ഒരു ബാഹ്യ കാരണത്താൽ."

എന്നാൽ നമ്മുടെ രണ്ടാമത്തെ പ്രസ്താവനയോ? പ്രപഞ്ചത്തിന്റെ വിശദീകരണത്തെ ദൈവം എന്ന് വിളിക്കുന്നത് ന്യായമാണോ?

എന്താണ് പ്രപഞ്ചം? എല്ലാ ദ്രവ്യവും ഊർജ്ജവും ഉൾപ്പെടുന്ന മുഴുവൻ സ്ഥലകാല യാഥാർത്ഥ്യമാണ് പ്രപഞ്ചം.

പ്രപഞ്ചത്തിന്റെ അസ്തിത്വത്തിനു ഒരു കാരണമുണ്ടെങ്കിൽ, ആ കാരണം പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിയില്ല - അത് ഭൗതീകമല്ലാത്തതും അസംഗതവുമായിരിക്കണം - സ്ഥലത്തിനും സമയത്തിനും അപ്പുറം ആയിരിക്കണം.

ഈ വിവരണത്തിന് അനുയോജ്യമായേക്കാവുന്ന എന്റിറ്റികളുടെ പട്ടിക വളരെ ചെറുതാണ് - മാത്രമല്ല അമൂർത്ത വസ്തുക്കൾക്ക് ഒന്നിനും കരണമാകാൻ കഴിയില്ല.

പ്രപഞ്ചത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള വിശദീകരണം ദൈവത്തിന്റെ അസ്തിത്വത്തിൽ മാത്രമേ കണ്ടെത്താൻ കഴിയൂ എന്ന് ലെബ്നിസിന്റെ കണ്ടിൻജൻസി വാദം കാണിക്കുന്നു.

"ദൈവം" എന്ന പദം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാം: "ഈ മുഴുവൻ പ്രപഞ്ചത്തെയും അതിലുള്ളതൊക്കെയും സൃഷ്ടിച്ച അങ്ങേയറ്റം ശക്തനും, കരണമില്ലാത്തവനും, അസ്തിത്വം അനിവാര്യമായവനും, നിലനിൽപ്പിനു മറ്റെന്തിനെയെങ്കിലും ആശ്രയിക്കുന്നതിനു ആവശ്യമില്ലാത്തവനും, ഭൗതീകനല്ലാത്തവനും, അസംഗതനും, നിത്യനുമായവൻ."