bird bird

ദുരിതങ്ങളും തിന്മയും: പ്രോബബിലിറ്റി പതിപ്പ്

ദുരിതങ്ങളും തിന്മയും: പ്രോബബിലിറ്റി പതിപ്പ്

ആദ്യ ഭാഗത്തിൽ, ദുരിതങ്ങളുടെയും തിന്മയുടെയും  പ്രശ്നത്തിന്റെ യുക്തിസമ്പന്ധമായ പതിപ്പ് നമ്മൾ  പരിശോധിച്ചു.

ദുരിതങ്ങളും തിന്മയും നിലനിൽക്കുന്നതിനാൽ യുക്തിപരമായി ദൈവത്തിന്റെ അസ്തിത്വം അസാദ്ധ്യമാണെന്ന് കാണിക്കാൻ ഈ വാദം ശ്രമിക്കുന്നു. നിരീശ്വരവാദികളായ തത്ത്വചിന്തകർ പോലും ഈ വാദം പരാജയപ്പെടുന്നുവെന്ന് സമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ വിശദീകരിച്ചു.

എന്നാൽ ഒരു നിമിഷം. ദൈവവും ദുരിതങ്ങളും രണ്ടും നിലനിൽക്കുന്നത്  യുക്തിപരമായി സംഭവ്യമാണെങ്കിലും, അത് സാധ്യതയിൽ നിന്ന് വളരെ അകലെയാണെന്ന് ഇപ്പോഴും വാദിക്കാം.

അർത്ഥശ്യൂന്യമായ ഒരുപാട് ദുരിതങ്ങൾ ഉണ്ട്, അത് അനുവദിക്കുന്നതിന് ദൈവത്തിന് ഉചിതമായ കാരണങ്ങൾ  ഉണ്ടാകുമെന്നത് അസംഭവ്യമായി തോന്നുന്നു.

ഇതാണ് പ്രശ്നത്തിന്റെ പ്രോബബിലിറ്റി പതിപ്പ്. ദൈവത്തിന്റെ അസ്തിത്വം അസാധ്യമല്ല, എന്നാൽ സാധ്യത വളരെ കുറവാണ് എന്നതിന് തെളിവാണ് നാം അനുഭവിക്കുന്ന ദുരിതങ്ങൾ.

ഇതൊരു നല്ല വാദമാണോ? മൂന്ന് പോയിന്റുകൾ പരിഗണിക്കുക.

ഒന്നാമതായി, ലോകത്തിലെ ദുരിതങ്ങൾ അനുവദിക്കുന്നതിന് ദൈവത്തിന് ഒരുപക്ഷെ കാരണങ്ങൾ ഇല്ലെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുകയില്ല.

നമ്മൾ സ്ഥലത്തിലും സമയത്തിലും ബുദ്ധിയിലും ഉൾക്കാഴ്ചയിലും പരിമിതരാണ് എന്നതാണ് പ്രശ്നം.

മറുവശത്ത്, ദൈവം ചരിത്രത്തിന്റെ എല്ലാ വിശദാംശങ്ങളും തുടക്കം മുതൽ അവസാനം വരെ കാണുകയും തന്റെ ഉദ്ദേശ്യങ്ങൾ നേടിയെടുക്കുന്നതിനായി മനുഷ്യരുടെ  സ്വതന്ത്ര തീരുമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അത് ക്രമീകരിക്കുകയും ചെയ്യുന്നു. 

വഴിയിൽ നിരവധി കഷ്ടപ്പാടുകൾ ദൈവത്തിന് അനുവദിക്കേണ്ടി വന്നേക്കാം.

നമ്മുടെ പരിമിതമായ ഗ്രാഹ്യ പരിധിക്കുള്ളിൽ അർത്ഥശൂന്യമായി തോന്നുന്ന ദുരിതങ്ങൾ  ദൈവം തന്റെ വിശാലമായ ചട്ടക്കൂടിനുള്ളിൽ ന്യായമായി അനുവദിക്കുന്നതായി കാണാവുന്നതാണ്.

വിശാല വീക്ഷണം നേടുകയും സ്രഷ്ടാവ് രൂപകൽപ്പന ചെയ്‌ത വലിയ ചിത്രം കാണുകയും ചെയ്യുന്നതുവരെ ചിലപ്പോൾ നമ്മൾ അനുഭവിക്കുന്നത് അർത്ഥവത്തായി തോന്നണം എന്നില്ല.

രണ്ടാമത്തെ പോയിന്റ് ഇതാ. തെളിവുകളുടെ പൂർണ്ണ വ്യാപ്തിയുമായി ബന്ധപ്പെട്ട്, ദൈവത്തിന്റെ അസ്തിത്വത്തിന് സാധ്യതയുണ്ട്.

സാധ്യതകൾ എല്ലായ്പ്പോഴും പശ്ചാത്തല വിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന്, ഈ മനുഷ്യന്റെ ഭാരം എത്രയാണെന്ന് മാത്രം പരിഗണിക്കുകയാണെങ്കിൽ, ഇയാൾ ഒരു ലോകോത്തര അത്‌ലറ്റാണെന്നത് അസംഭവ്യമാണെന്ന് നമ്മൾ  പറയും.

പക്ഷേ, ഇയാൾ ഒരു പ്രൊഫഷണൽ സുമോ ഗുസ്തിക്കാരനും ലോക ചാമ്പ്യനുമാണെന്ന പുതിയ വിവരങ്ങൾ പരിഗണിക്കാൻ നമ്മൾ തയ്യാറാണെങ്കിൽ, നമ്മൾ നമ്മളുടെ വീക്ഷണം വേഗത്തിൽ പരിഷ്കരിക്കും.

അതുപോലെ, ദൈവത്തിന്റെ അസ്തിത്വം അസംഭവ്യമാണെന്ന് നിരീശ്വരവാദി അവകാശപ്പെടുമ്പോൾ, ഏത് പശ്ചാത്തല വിവരവുമായി താരതമ്യപ്പെടുത്തുമ്പോൾ ആണ് അസംഭവ്യമെന്ന് നാം ചോദിക്കണം.

ലോകത്തിലെ ദുരിതങ്ങൾ മാത്രം പരിഗണിക്കുകയാണെങ്കിൽ, ദൈവത്തിന്റെ അസ്തിത്വം അസംഭവ്യമായി തോന്നാം, എന്നാൽ ദൈവത്തിന്റെ അസ്തിത്വത്തിനായുള്ള ശക്തമായ വാദങ്ങൾ കണക്കിലെടുത്ത് പശ്ചാത്തല വിവരങ്ങളുടെ മുഴുവൻ വ്യാപ്തിയും പരിശോധിക്കാൻ നമ്മൾ തയ്യാറാണെങ്കിൽ, വളരെ വ്യത്യസ്തമായ ഒരു നിഗമനത്തിലേക്ക് നാം എത്തിച്ചേരും

മൂന്നാമത്തെ കാര്യം, ക്രിസ്ത്യാനിത്വം ദൈവത്തിന്റെയും ദുരിതങ്ങളുടെയും സഹവർത്തിത്വത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ്

ഇവയിൽ നാലെണ്ണം പരിഗണിക്കുക. ഒന്നാമതായി, ജീവിതത്തിന്റെ പ്രധാന ലക്ഷ്യം സന്തോഷമല്ല.

ദൈവമുണ്ടെങ്കിൽ, അവന്റെ വളർത്തു-മനുഷ്യർക്ക് സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് അവന്റെ കര്‍ത്തവ്യം എന്ന് ആളുകൾ പലപ്പോഴും അനുമാനിക്കുന്നു.

ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സന്തോഷമാണെന്ന് അവർ കരുതുന്നു, അതിനാൽ, നമ്മെ സന്തോഷിപ്പിക്കാൻ ദൈവം ബാധ്യസ്ഥനാണ്.

എന്നാൽ, ക്രിസ്ത്യാനിത്വം തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കുന്നു, അതായതു  ജീവിതത്തിന്റെ ലക്ഷ്യം ദൈവത്തെ അറിയുക എന്നതാണ്.

ഇതുമാത്രമാണ് യഥാർത്ഥവും ശാശ്വതവുമായ സംതൃപ്‌തി കൊണ്ടുവരുന്നത്. ദൈവത്തെക്കുറിച്ചുള്ള ആഴമേറിയതും കൂടുതൽ അഗാധവുമായ അറിവ് നേടാൻ ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കോ അവരുടെ ചുറ്റുമുള്ളവർക്കോ കഴിയും.

ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകി, തനിക്ക് കഴിയുന്നത്ര ആളുകളെ തന്റെ അവസാനിക്കാത്ത രാജ്യത്തിലേക്ക് ആകർഷിക്കുന്നു എന്നതാണ് മനുഷ്യചരിത്രത്തിന്റെ മുഴുവൻ പോയിന്റ്.

ദൈവത്തിന് ആളുകളെ തന്നിലേക്ക് സ്വതന്ത്രമായി ആകർഷിക്കാൻ കഴിയുന്ന ഒരു മാർഗമാണ് ദുരിതങ്ങൾ.

വാസ്തവത്തിൽ, ഏറ്റവും പ്രയാസങ്ങൾ സഹിച്ച രാജ്യങ്ങൾ പലപ്പോഴും ക്രിസ്ത്യാനിത്വത്തിന്റെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കാണിക്കുന്നു. 

നമ്മുടെ സന്തോഷങ്ങളിൽ ദൈവം നമ്മോട് മന്ത്രിക്കുന്നു, നമ്മുടെ മനസ്സാക്ഷിയിൽ നമ്മോട് സംസാരിക്കുന്നു, എന്നാൽ നമ്മുടെ വേദനകളിൽ അവൻ ഉറക്കെ വിളിക്കുന്നു. ഒരു ബധിര ലോകത്തെ ഉണർത്താനുള്ള അവന്റെ മെഗാഫോണാണത്.

രണ്ടാമതായി, മനുഷ്യവർഗം ദൈവത്തിനും അവന്റെ ഉദ്ദേശ്യത്തിനുമെതിരെ മത്സരിക്കുന്ന അവസ്ഥയിലാണ്.

ഭയാനകമായ മാനുഷിക തിന്മകൾ മനുഷ്യന്റെ അധഃപതനത്തിന്റെ സാക്ഷ്യമാണ്, അവൻ ദൈവത്തിൽ നിന്ന് അകന്നതിന്റെ അനന്തരഫലമാണ്.

ലോകത്തിലെ ധാർമ്മിക തിന്മയിൽ ക്രിസ്ത്യാനി ആശ്ചര്യപ്പെടുന്നില്ല; നേരെമറിച്ച്, അവൻ അത് പ്രതീക്ഷിക്കുന്നു.

മൂന്നാമത്തെ ഉപദേശം, ദൈവത്തിന്റെ ഉദ്ദേശ്യം ഈ ജീവിതത്തിൽ മാത്രം പരിമിതമല്ല, മറിച്ച് കല്ലറക്കപ്പുറം നിത്യജീവനിലേക്ക് ഒഴുകുന്നതാണ്.

ഈ ലോകം ഒരു തുടക്കം മാത്രമാണ്, മരണത്തിന്റെ വാതിലിനുമപ്പുറത്തുള്ള ഒരിക്കലും അവസാനിക്കാത്ത ജീവിതത്തിലേക്കുള്ള പ്രവേശനം.

പുതിയ നിയമത്തിന്റെ ഭൂരിഭാഗവും എഴുതിയ പൗലോസിന് കഷ്ടതകൾ, കഷ്ടപ്പാടുകൾ, ദുരന്തങ്ങൾ, അടി, തടവ്, പട്ടിണി എന്നിവ അനുഭവപ്പെട്ടു; എന്നിട്ടും അദ്ദേഹം എഴുതി, നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു. കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താൽക്കാലികം, കാണാത്തതോ നിത്യം.

ഭൂമിയിലെ ജീവിതവും നമുക്കോരോരുത്തർക്കും അത് തരുന്ന കഷ്ടപ്പാടുകളും താൽക്കാലികമാണെന്ന് പൗലോസ് മനസ്സിലാക്കി.

നമ്മുടെ വേദന എന്നെന്നേക്കുമായി നിലനിൽക്കില്ല, എന്നാൽ ദൈവത്തോടൊപ്പമുള്ള നമ്മുടെ ജീവിതം നിലനിൽക്കും. ഈ ജീവിതത്തിൽ ദാരുണമായി കഷ്ടപ്പെടുന്നവരുടെ ദുരവസ്ഥയെ പൗലോസ് ഇകഴ്ത്തുകയായിരുന്നില്ല.

തീർച്ചയായും, അവൻ അവരിൽ ഒരാളായിരുന്നു; എന്നാൽ ദൈവം, സൗജന്യമായി സ്വീകരിക്കുന്നവർക്ക് നൽകുന്ന സന്തോഷത്തിന്റെ ആഴം അവരുടെ കഷ്ടപ്പാടുകളെ എന്നെന്നേക്കുമായി കീഴടക്കുമെന്ന് അദ്ദേഹം കണ്ടു.

നാലാമത്തെ ഉപദേശം ഇതാണ്: ദൈവത്തെക്കുറിച്ചുള്ള അറിവ് താരതമ്യം ഇല്ലാത്ത നന്മയാണ്.

ദൈവത്തെ അറിയുന്നത് മനുഷ്യന്റെ അസ്തിത്വത്തിന്റെ ആത്യന്തിക സഫലീകരണമാണ്, അനന്തമായ നന്മയാണ്.

അങ്ങനെ, ദൈവത്തെ അറിയുന്ന ഒരാൾക്ക്, അവൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും, ദൈവം എനിക്ക് നല്ലവനാണെന്ന് പറയാൻ കഴിയും.

അതിനാൽ, ക്രിസ്ത്യാനിത്വം സത്യമാണെങ്കിൽ, കഷ്ടപ്പാടുകളും തിന്മയും നിലനിൽക്കുമെന്നത് അസംഭവ്യമല്ല.

ചുരുക്കത്തിൽ, ഈ കാരണങ്ങളാൽ, തിന്മയുടെ പ്രശ്നത്തിന്റെ പ്രോബബിലിറ്റി പതിപ്പ് ലോജിക്കൽ പതിപ്പിനേക്കാൾ ഒട്ടും വിജയമല്ല.

കേവലമായ ഒരു ബൗദ്ധിക വാദമെന്ന നിലയിൽ, തിന്മ എന്ന പ്രശ്നം ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുന്നില്ല.

എന്നാൽ ആ ബൗദ്ധിക വാദങ്ങൾ പരാജയപ്പെട്ടാലും, കഷ്ടപ്പാടുകളുടെയും തിന്മയുടെയും വൈകാരിക പ്രശ്നം വളരെ ശക്തമായി തുടരുന്നു.

നിങ്ങൾ അഗാധമായ വേദന അനുഭവിച്ചിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ കഠിനമായ വേദനയിലൂടെ കടന്നുപോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, അപ്പോൾ എന്തിനാണ് ദൈവം ഉള്ളത് എന്ന്?

എന്തുകൊണ്ട് ഞാൻ അവനോട് പ്രതികരിക്കുകയോ അവനെ ആരാധിക്കുകയോ ചെയ്യണം? എനിക്ക് നിർവികാരതയും ശൂന്യതയും തോന്നുന്നു, അവനുമായി ഒരു ബന്ധത്തിനും ഞാൻ ആഗ്രഹിക്കുന്നില്ല.

നിങ്ങൾ ഒറ്റക്കല്ല. ദൈവത്തിന് നിങ്ങളുടെ പേര് അറിയാം; നിങ്ങൾ ആരാണെന്നും നിങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവനറിയാം.

നിങ്ങളുടെ കഷ്ടപ്പാടുകളിൽ കൂടെയുണ്ടാകുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് സഹിക്കാനുള്ള ശക്തി നൽകാൻ അവന് കഴിയും.

യേശു ക്രിസ്തുവും കഷ്ടത സഹിച്ചു; അവൻ നിരപരാധിയാണെങ്കിലും, അവനെ പീഡിപ്പിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

അവന്റെ കഷ്ടപ്പാടുകൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു: നിങ്ങൾക്കും എനിക്കും ദൈവവുമായുള്ള ജീവൻ നൽകുന്ന ബന്ധം.

ദൈവം ഉണ്ടെന്ന് മാത്രമല്ല, അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവൻ നിങ്ങളെ അന്വേഷിക്കുന്നു, അവൻ നിങ്ങൾക്ക് പ്രത്യാശ നൽകുന്നു, കാലക്രമത്തിൽ അവൻ എല്ലാം പുതിയതാക്കും.

അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; കാരണം പഴയ ക്രമം കഴിഞ്ഞുപോയി.