bird bird

കലാം കോസ്മോളജിക്കൽ വാദം - ഭാഗം 2: തത്വശാസ്ത്രം

കലാം കോസ്മോളജിക്കൽ വാദം - ഭാഗം 2: തത്വശാസ്ത്രം

പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടോ, അതോ അനാദി നിത്യതയിൽ നിന്നും അത് നിലനിൽക്കുന്നുവോ?

പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെങ്കിൽ, ഒരു ചോദ്യം ഉയരുന്നു: അതിന് ഒരു സ്രഷ്ടാവ് ഉണ്ടോ?

ഒന്നാം ഭാഗത്തിൽ, നാം ഈ ചോദ്യം ശാസ്ത്രീയമായി പര്യവേക്ഷണം ചെയ്തു. ഇനി നമുക്ക് ഇത് തത്വശാസ്ത്രപരമായി നോക്കാം.

പ്രപഞ്ചത്തിന്റെ ഭൂതകാലം നിത്യമാണെന്നു അരിസ്റ്റോട്ടിൽ വിശ്വസിച്ചിരുന്നുവെങ്കിലും അൽ ഗസാലി അതിനോട് വിയോജിച്ചു.

പ്രപഞ്ചത്തിന് ഒരു തുടക്കം ഇല്ലങ്കിൽ പ്രപഞ്ചചരിത്രത്തിലെ മുൻകാല സംഭവങ്ങളുടെ എണ്ണം അനന്തമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ അതൊരു പ്രശ്നമാണ്, കാരണം യഥാർത്ഥത്തിൽ അനന്തമായ മുൻകാല സംഭവങ്ങൾ നിലനിൽക്കുന്നത്  യുക്തിഹീനതയിലേക്ക് നയിക്കുന്നു.

അത് ഭൗതികമായി അസാധ്യമാണ്. എന്തുകൊണ്ട്? ഗണിതശാസ്ത്രജ്ഞൻ ഡേവിഡ് ഹിൽ‌ബെർട്ട് അനന്തമായ മുറികളുള്ള, എല്ലാ മുറികളിലും താമസമുള്ള ഒരു ഹോട്ടലിനെ സങ്കൽപ്പിച്ചുകൊണ്ട് പ്രശ്നം വിശദീകരിക്കുന്നു.

അനന്തമായ ഹോട്ടലിലെ എല്ലാ മുറികളും നിറഞ്ഞിരിക്കുന്നു. ഒരു ഒഴിവുമില്ല.

അപ്പോൾ ഒരു പുതിയ അതിഥി വന്നു ഒരു മുറി ആവശ്യപ്പെടുന്നുവെന്ന് കരുതുക.

മാനേജർ കുഴപ്പമൊന്നുമില്ലെന്ന് പറയുന്നു, തുടർന്ന് റൂം നമ്പർ ഒന്നിലുള്ള അതിഥിയെ റൂം നമ്പർ രണ്ടിലേക്കും റൂം നമ്പർ രണ്ടിലെ അതിഥിയെ റൂം നമ്പർ മൂന്നിലേക്കും അങ്ങനെ അനന്തത വരെ നീക്കുന്നു.

ഈ മാറ്റത്തിന്റെ ഫലമായി, റൂം നമ്പർ ഒന്ന് ഒഴിഞ്ഞുകിടക്കുന്നു, പുതിയ അതിഥി സന്തോഷത്തോടെ അവിടെ താമസം ആരംഭിക്കുന്നു, എല്ലാ മുറികളും അതിനുമുൻപ് നിറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ആരും മുറി ഒഴിഞ്ഞില്ല.

എന്നാൽ ഇത് ഇനിയും യുക്തിഹീനമായിത്തീരുന്നു. ഫ്രണ്ട് ഡെസ്‌കിൽ അനന്തമായി പുതിയ അതിഥികൾ എത്തുന്നു എന്ന് കരുതുക. മാനേജർ പറയുന്നു പ്രശ്‌നമില്ല.

തുടർന്ന് അവൾ ഓരോ വ്യക്തിയെയും സ്വന്തം മുറിയുടെ ഇരട്ടി സംഖ്യയുള്ള ഒരു മുറിയിലേക്ക് മാറ്റുന്നു.

അതിനാൽ റൂം നമ്പർ ഒന്നിലുള്ള വ്യക്തി റൂം നമ്പർ രണ്ടിലേക്ക് നീങ്ങുന്നു, രണ്ടിലുള്ള വ്യക്തി നാലിലേക്ക്, മൂന്നിലുള്ള വ്യക്തി ആറിലേക്ക്, എന്നിങ്ങനെ.

ഏതൊരു സംഖ്യയും രണ്ടായി ഗുണിച്ചാൽ എല്ലായ്പ്പോഴും ഒരു ഇരട്ടസംഖ്യയായതിനാൽ, ഒറ്റസംഖ്യയുള്ള എല്ലാ മുറികളും ഒഴിഞ്ഞുകിടക്കുന്നു;  അനന്തമായ പുതിയ അതിഥികൾ നന്ദി പറഞ്ഞു മുറികളിൽ പ്രവേശിക്കുകയും ചെയ്യുന്നു.

എന്നാൽ അവർ വരുന്നതിനുമുമ്പ് എല്ലാ മുറികളും നിറഞ്ഞിരുന്നു.

അതിഥികൾ മുറി ഒഴിയാൻ ആരംഭിക്കുമ്പോൾ ഇത് കൂടുതൽ അസംബന്ധമാകുന്നു.

ഒറ്റസംഖ്യയുള്ള മുറികളിലെ എല്ലാ അതിഥികളും മുറി ഒഴിയുന്നുവെന്ന് കരുതുക.

അങ്ങനെയാകുമ്പോൾ, അനന്തമായ ആളുകൾ ഹോട്ടൽ വിട്ടുപോയി, എന്നിട്ടും ഹോട്ടലിൽ മുമ്പുള്ളതിനേക്കാൾ ആളുകൾ കുറവില്ല.

പകരം നാലും അതിനു മുകളിലുള്ള എല്ലാ മുറികളിലെയും അതിഥികൾ മുറി ഒഴിഞ്ഞുവെന്ന് കരുതുക.

അങ്ങനെയാണെങ്കിൽ, മൂന്ന് പേർ മാത്രമേ അവശേഷിക്കുന്നുള്ളൂ, എന്നാൽ ഒറ്റസംഖ്യയിലെ അതിഥികളെല്ലാം മുറി ഒഴിഞ്ഞപ്പോഴുള്ള അത്രേം തന്നെ ആളുകളാണ് ഹോട്ടലിൽ നിന്ന് പുറത്തുപോയത്.

അങ്ങനെ ഒരു വൈരുധ്യമുണ്ടാകുന്നു. സമാന അളവുകളിൽ നിന്ന് സമാന അളവുകൾ കുറയ്ക്കുമ്പോൾ നമുക്ക് വ്യത്യസ്ത ഉത്തരങ്ങൾ ലഭിക്കുന്നു.

ഈ യുക്തിഹീനതകൾ കാണിക്കുന്നത് യഥാർത്ഥത്തിൽ അനന്തമായ കാര്യങ്ങൾ യഥാർത്ഥ ലോകത്ത് നിലനിൽക്കില്ല എന്നാണ്.

നിത്യപ്രപഞ്ചത്തിനെതിരെ ഗസാലി അവതരിപ്പിക്കുന്ന രണ്ടാമത്തെ വാദം ഇതാണ്.

സൂര്യനുചുറ്റും ശനി ഒരു പ്രാവശ്യം വലംവെയ്ക്കുമ്പോൾ വ്യാഴം രണ്ടു വലംവയ്‌ക്കല്‍ പൂർത്തിയാക്കും എന്ന് വിചാരിക്കുക

അവ എത്രത്തോളം വലംവെയ്ക്കുന്നുവോ  അത്രത്തോളം ശനി പിന്നിൽ ആയി പോകും.

എന്നാൽ , ഈ രണ്ട് ഗ്രഹങ്ങളും സൂര്യനെ  നിത്യത മുതൽ വലംവെയ്ക്കുക  ആയിരുന്നെങ്കിൽ?

ഏതാണ് കൂടുതൽ വലംവെയ്ക്കൽ പൂർത്തിയാക്കിട്ടുണ്ടാവുക? വിചിത്രമെന്നോണം , വലംവെച്ചതിന്റെ എണ്ണം തുല്ല്യമാണ്. അനന്തത

എന്നാൽ അത് അസംബന്ധമാണ്, അവ കൂടുതൽ വലം വെക്കുന്നതനുസരിച്ച് അവ തമ്മിലുള്ള വ്യത്യാസം വർധിക്കുന്നു.

പ്രപഞ്ചം നിത്യമായി  നിലനിന്നിരുന്നുവെങ്കിൽ, ഒന്നിനുപുറകെ ഒന്നായി ചേർത്ത് അനന്തമായ മുൻകാല സംഭവങ്ങൾ ഉണ്ടാകുമായിരുന്നു. 

ഡൊമിനോകൾ ഒന്നിനുപുറകെ ഒന്നായി വീഴുന്നതുപോലെയാണ് ഇത്. അവസാന ഡൊമിനോ ആയ, ഇന്ന് എത്തുന്നതുവരെ.

അനന്തമായ ഡൊമിനോകൾ മുൻപേ വീഴേണ്ടതുണ്ടായിരുന്നുവെങ്കിൽ അവസാന  ഡൊമിനോ ഒരിക്കലും വീഴില്ലായിരുന്നു എന്നതാണ് പ്രശ്‌നം.

അതിനാൽ ഇന്ന് ഒരിക്കലും എത്തിച്ചേരാനാവില്ല, പക്ഷേ തീർച്ചയായും നമ്മൾ  ഇവിടെയുണ്ട്. ഇതാ ഇന്ന് .

അതിനാൽ ഇന്ന് എത്തിച്ചേരുന്നത് വരെയുള്ള  സംഭവങ്ങളുടെ എണ്ണം അനന്തം ആയിരിക്കാൻ സാധ്യമല്ല.

അനന്തത യാഥാർത്ഥ്യത്തിൽ എവിടെയും കാണാനാവില്ല.

അത് പ്രകൃതിയിൽ നിലവിലില്ല, എന്ന് മാത്രം അല്ല യുക്തിപരമായി ചിന്തിക്കാൻ  ന്യായമായ അടിസ്ഥാനവും നൽകുന്നില്ല.

അനന്തതക്ക് വഹിക്കാൻ അവശേഷിക്കുന്ന പങ്കു ഒരു സങ്കല്പത്തിന്റേതു മാത്രമാണ്.

ഈ വാദങ്ങളോട് എന്തൊക്കെ  എതിർപ്പുകൾ ഉന്നയിക്കാം? ഹിൽബെർട്ടിന്റെ ഹോട്ടലിലെ മുറികളിൽ നിന്ന് വ്യത്യസ്തമായി, മുൻകാല സംഭവങ്ങളെല്ലാം ഒരേ സമയമല്ല നടക്കുന്നത് എന്ന്  ചിലർ എതിർക്കുന്നു.

എന്നാൽ ഈ എതിർപ്പ് ഒഴിവാക്കാൻ നമുക്ക് കഥ എളുപ്പത്തിൽ മെച്ചപ്പെടുത്താൻ  കഴിയും.

അനാദി നിത്യത മുതൽ ഹോട്ടൽ നിർമ്മാണത്തിലാണ് എന്ന് കരുതുക, ഓരോ വർഷവും ഒരു മുറി ചേർക്കപ്പെടുന്നു.

ഹോട്ടലിൽ ഇപ്പോൾ എത്ര മുറികളുണ്ടാകും? ഒരു യഥാർത്ഥ അനന്ത സംഖ്യ.

അതിനാൽ ഭൂതകാലം അനന്തമാണെങ്കിൽ, അത് ഹിൽബെർട്ടിന്റെ ഹോട്ടൽ നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നു, പക്ഷെ  അത് അസംബന്ധമാണ്.

അക്കങ്ങൾ, മറ്റ് ഗണിതശാസ്ത്രപരമായ വസ്തുക്കൾ  എന്നിങ്ങനെ അനന്തമായ കാര്യങ്ങൾ നിലവിലുണ്ടെന്ന് മറ്റു ചിലർ  എതിർക്കുന്നു.

എന്നിരുന്നാലും, ഈ എതിർപ്പ് സംഖ്യകൾ യഥാർഥത്തിൽ നിലവിലുണ്ടെന്ന് അനുമാനിക്കുന്നു, പക്ഷേ ഇത് മിക്ക തത്ത്വചിന്തകരും നിരാകരിക്കുന്ന വിവാദപരമായ  വിഷയമാണ്.

അതിനാൽ ഗസാലിയുടെ രണ്ട് വാദങ്ങളും ശരിയാണെങ്കിൽ, പ്രപഞ്ചത്തിനു  നിത്യമായ ഭൂതകാലമില്ല; അതിന് ഒരു തുടക്കം ഉണ്ടായിരിക്കണം.

അസ്തിത്വത്തിനു ആരംഭമുള്ള എല്ലാത്തിനും അതിന്റെ അസ്തിത്വത്തിനു ഒരു കാരണം  ആവശ്യമാണെന്ന് നമുക്ക് അവബോധപൂർവമായി അറിയാം.

പ്രപഞ്ചത്തിന് അതിന്റെ അസ്തിത്വത്തിനു  ഒരു കാരണമുണ്ടെന്ന നിഗമനത്തിലേക്ക് നാം നയിക്കപ്പെടുന്നു. അപ്പോൾ എന്താണ് പ്രപഞ്ചത്തിന് കാരണമായത്?

നിരീശ്വരവാദിയായ ഡാനിയൽ ഡെന്നറ്റ് പറയുന്നത് പ്രപഞ്ചം സ്വയം കാരണമായെന്നാണ് , എന്നാൽ ഇത് പൊരുത്തപ്പെടുന്നില്ല, കാരണം സ്വയം അസ്തിത്വമുണ്ടാകാൻ, പ്രപഞ്ചം അസ്തിത്വത്തിലേക്കു വരുന്നതിനു  മുമ്പ് അത് നിലനിൽകേണ്ടതാണ്.

അതിനാൽ പ്രപഞ്ചത്തിന്റെ കാരണം പ്രപഞ്ചത്തിന് പുറത്തായിരിക്കണം, സ്ഥലരഹിതവും , കാലാതീതവും, അസ്സംഗതവും, അതിശക്തമായതും ആയിരിക്കണം … ദൈവത്തെപ്പോലെ.